കുവൈറ്റ് സിറ്റി : KMRM ന്റെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ, മൂന്നു ദിവസങ്ങളിലായി (2025 ജൂലൈ 02,03,04 തീയതികളിൽ) സമുചിതമായി വിശുദ്ധ തോമാശ്ലീഹയുടെ ദുക്രാനാ തിരുന്നാൾ ആഘോഷിച്ചു.
02 ആം തീയതി ബുധനാഴ്ച വൈകുന്നേരം 07:00 മണിക്ക് കൊടി ഉയർത്തലിന് ശേഷം അബ്ബാസിയ ഏരിയായിലെ തോമസ്സ് നാമധാരികളെ ആദരിക്കുകയും കേക്ക് മുറിച്ച് ഫീസ്റ്റ് ആഘോഷിക്കുകയും ചെയ്തു.
03 ആം തീയതി വ്യാഴാഴ്ച വൈകുന്നേരം 07:00 മണിക്ക് മുത്തുകുടകളാലും, ശുഭ്രവസ്ത്ര ധാരികളായ KMRM ലെ മുഴുവൻ തോമസ് നാമധാരികൾ പ്രത്യേകം അണിനിരന്നതിനാലും, മെഴുകുതിരി വെളിച്ചത്തിന്റെ പ്രത്യേക ഭംഗിയാലും, ഇമ്പകരമായ ഗാനലാപനത്താലും മനോഹരമായ റാസ ഭക്തി നിർഭരമായി മാതാവിന്റെ ഗ്രോട്ടോയിൽ നിന്നും ആരംഭിച്ച് ദേവാലയത്തിൽ പ്രവേശിച്ചു. തുടർന്ന് KMRM ന്റെ ആത്മീയ പിതാവ് റവ. ഡോ. തോമസ്സ് കഞ്ഞിരമുകളിൽ അച്ചൻ തിരുന്നാൾ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തോമസ്സ് നാമധാരികളായ KMRM സ്പിരിച്വൽ ഡയരക്ടർ തോമസ്സ് കാഞ്ഞിരമുകളിൽ അച്ചനെയും, ലിജു തോമസ്സ് അച്ചനെയും KMRM പ്രസിഡന്റ് ഷാജി വർഗ്ഗീസ് ബൊക്ക നൽകി ആദരിച്ചു. KMRM ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ ആശംസ അറിയിക്കുകയും അബ്ബാസിയ ഏരിയ സെക്രട്ടറി സിൽവി തോമസ്സ് നന്ദി പറയുകയും ചെയ്തു. തോമസ്സ് നാമധാരികൾക്ക് പ്രത്യേക ഇരിപ്പിടം തയ്യാറാക്കുകയും വന്നു ചേർന്ന എല്ലാവർക്കും വിശുദ്ധ തോമാശ്ലീഹയുടെ വാഴ്ത്തിയ സ്റ്റിക്കറും, നേർച്ച പായസവും വിതരണം ചെയ്യുകയും ചെയ്തു.
മൂന്നാം ദിനമായ 04 ആം തീയതി വൈകുന്നേരം 06:00 മണിക്ക് കൊടി ഇറക്കൽ കർമ്മം നിർവ്വഹിച്ചു.
ഈ പരിപാടികൾക്ക് സിൽവി തോമസ്സ്, ബിനോയ് എബ്രഹാം, എബി എബ്രഹാം റാണ വർഗ്ഗീസ്, ജേക്കബ് മാത്യു, അൽഫ്രഡ് ചാണ്ടി, യൂഹാനോൻ തോമസ്സ് കൂടാതെ എല്ലാ കമ്മിറ്റി അംഗങ്ങൾ, സെക്ടർ കോർഡിനേറ്റർസ്, പ്രയർ കോർഡിനേറ്റർസ്, കെ കെ ലീഡേഴ്‌സ് എന്നിവർ നേതൃത്വം നൽകി.