History

History of Syro-Malankara Catholic Church in Kuwait

അപ്പോസ്തോലികമായ മലങ്കര സഭയിലെ ഒരു വിഭാഗം, ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ആഗോള കത്തോലിക്കാ തിരുസഭയില്‍ പുനരൈക്യപ്പെട്ട പൊന്‍ സുദിനം, 1930 സെപ്റ്റംബര്‍ 20! മാര്‍ ഈവാനിയോസ് തിരുമനസ്സിനോടൊപ്പം മാര്‍ തെയോഫിലോസ് എപ്പിസ്ക്കോപ്പാ, ഫാ. ജോണ്‍ ഒ.ഐ.സി., ശെമ്മാശ്ശന്‍ സെറാഫിയന്‍ ഒ.ഐ.സി., അത്മായ പ്രതിനിധി ശ്രീ. കിളിലേത്ത് ചാക്കോ എന്നിവരാണ് കത്തോലിക്കാ സഭാ കൂട്ടായ്മയില്‍ മലങ്കരസഭാ പ്രതിനിധികളായി ഐക്യപ്പെട്ടത്. 1932 ജൂണ്‍ 11-ന് മലങ്കര സുറിയാനി കത്തോലിക്കാ ഹൈരാര്‍ക്കി സ്ഥാപിതമായതോടെ വിവിധ പ്രദേശങ്ങളില്‍ സഭാകൂട്ടായ്മ രൂപപ്പെട്ട് ശക്തി പ്രാപിക്കുവാന്‍ തുടങ്ങി. സഭാമക്കള്‍ ലോകത്തിന്‍റെ പല ഭൂഖണ്ഡങ്ങളിലേക്കും കുടിയേറുവാന്‍ തുടങ്ങി. 1950-ല്‍ ഈ കുടിയേറ്റങ്ങള്‍ രാജ്യവും ക്രൈസ്തവസഭാംഗങ്ങളും ശ്രദ്ധിക്കുന്നതിന് ഇടയായി. 1980-ല്‍ കോട്ടയത്തുവച്ചു നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ മലങ്കര സുറിയാനി കത്തോലിക്കാസഭാമക്കളുടെ സഭാജീവിത പ്രദേശങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് ഉത്തേജനവും ഉന്മേഷവും പ്രദാനം ചെയ്തുവെന്നത് സഭാചരിത്രത്തിലെ ആവേശം പകരുന്ന യാഥാര്‍ത്ഥ്യമാണ്. കുവൈറ്റിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും മലങ്കര കത്തോലിക്കാ സഭാമക്കള്‍ കുടുംബങ്ങളായി കൂട്ടായ്മകള്‍ ഇക്കാലയളവില്‍ രൂപപ്പെടുവാന്‍ തുടങ്ങി. കുടുംബങ്ങളില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ച് ബലപ്പെട്ട കൂട്ടായ്മകളാണ് ഇവയെല്ലാം തന്നെ. കുവൈറ്റില്‍ ജോലിസാധ്യത തേടിയെത്തിയ മലങ്കര സുറിയാനി കത്തോലിക്കാ സഭാമക്കള്‍ പരസ്പരം തിരിച്ചറിഞ്ഞും പ്രാര്‍ത്ഥിച്ചും സഭയുടെ അടിസ്ഥാനം കുവൈറ്റില്‍ ബലപ്പെടുത്തുവാന്‍ ശ്രമങ്ങളാരംഭിച്ചു.

1994 ഫെബ്രുവരി 27 ഞായര്‍! കുവൈറ്റിലെ നമ്മുടെ സഭാജീവിതപന്ഥാവിലെ സുപ്രധാനദിനം! അന്നാണ് 1930-ല്‍ മാര്‍ ഈവാനിയോസ് തിരുമേനിയോടൊപ്പം പുനരൈക്യപ്പെട്ട ശ്രീ കിളിലേത്ത് ചാക്കോച്ചന്‍റെ കൊച്ചുമകന്‍ ശ്രീ. പോള്‍ കിളിലേത്തിന്‍റെ ഖൈത്താനിലെ വസതിയില്‍, കുവൈറ്റിലെ ഏതാനും സഭാമക്കള്‍ സഭാകൂട്ടായ്മയില്‍ ആദ്യമായി ഒരുമിച്ചുകൂടിയത്. ദൈവീക പ്രേരണയാല്‍, 19 പേരുടെ പ്രഥമദിനത്തിലെ കൂടിയാലോചനകള്‍ 23 അംഗങ്ങളുള്ള ഒരു കൂട്ടായ്മയായി രൂപം പ്രാപിച്ചത് അനുഗ്രഹവഴിയിലെ സൂചന മാത്രം!

മലങ്കര കത്തോലിക്കാ സഭയുടെ സൂര്യ തേജസ്സായിരുന്ന ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്‍റെ കുവൈറ്റ് സന്ദര്‍ശന സമയത്തും, ബഹു. ജേക്കബ് പെരുംമ്പ്രാല്‍ (ഒ.ഐ.സി.) അച്ചന്‍ KMCA  സംഘടിപ്പിച്ച ധ്യാനം നയിക്കാനായി ഇവിടെ എത്തിയപ്പോഴും, ബഹു. ജോര്‍ജ്ജ് തു ബിയില്‍ അച്ചന്‍റെ കുവൈറ്റ് സന്ദര്‍ശന സമയത്തും ചില മലങ്കര കത്തോലിക്കാ സഭാമക്കള്‍ ഒത്തുകൂടിയിട്ടുണ്ടെങ്കിലും സംഘടനാ സ്വഭാവത്തിലേക്ക് ഒരു സമൂഹമായി കടന്നുവരുവാന്‍ 1994 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു.

അപ്രകാരം ഫെബ്രുവരി 27 ന് കൂടിയ സമ്മേളനത്തില്‍ വച്ച് ഒരു അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വരുകയും ശ്രീ. പി. ഇ. ഡാനിയേലിനെ പ്രസിഡന്‍റായും, ശ്രീ. ജേക്കബ്. സി. മാണിയെ സെക്രട്ടറിയായും ഭൂമി ശാസ്ത്രപരമായി കുവൈറ്റിലെ എല്ലാ മേഖലകളില്‍നിന്നും (Abbassiya, Salmiya, Fahaheel, City, Khaitan & Farwaniya) രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. അന്നുതന്നെ P. E. ഡാനിയേലിന്‍റെ നേതൃത്വത്തില്‍ അഡ്ഹോക്ക് കമ്മറ്റി കൂടുകയും സംഘടനയ്ക്ക് Mar Ivanios Movement എന്ന പേര് നല്‍കുകയും ചെയ്തു. തുടര്‍ന്ന് സംഘടന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുവാന്‍ ഒരു By-Law, Logo, Flag, Anthem എന്നിവ വേണമെന്ന് തീരുമാനിക്കുകയും 5 പേരടങ്ങുന്ന ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

അപ്രകാരം ഒരു By-Law രൂപപ്പെടുത്തുകയും 1994 മാര്‍ച്ച് 25-ാം തീയതി വെള്ളിയാഴ്ച സിറ്റിയില്‍ ശ്രീ. ബാബു എബ്രഹാമിന്‍റെ വസതിയില്‍ സംഘടനയുടെ പ്രഥമ പൊതുയോഗം വിളിച്ച് ചേര്‍ക്കപ്പെടുകയും പ്രസ്തുത പൊതുയോഗത്തില്‍ By-Law വായിച്ച് അവതരിപ്പിക്കുകയും പൊതുയോഗത്തില്‍ അംഗീകരിക്കുകയും ചെയ്തതിനോട് കൂടി By-Law യും അതുപോലെ ശ്രീ. എം.ജെ. ജോണ്‍ രൂപകല്‍പ്പന ചെയ്ത Logo യും അംഗീകരിച്ചതോടെ സംഘടനയ്ക്ക് അംഗീകൃത By-Law യും Logo യും നിലവില്‍ വരുകയും ചെയ്തു. എന്നാല്‍ പതാകയും ആന്തവും പിന്നീട് ക്രമീകരിക്കും എന്ന് തീരുമാനത്തില്‍ എത്തുകയും ചെയ്തു.

മലങ്കര കത്തോലിക്കാ സഭയെ മൊത്തമായി ഉള്‍ക്കൊള്ളുന്ന ഒരു പേര് സംഘടനയ്ക്ക് വേണം എന്ന് പ്രഥമ പൊതുയോഗത്തില്‍ സംന്ധിച്ച അംഗങ്ങളുടെ നിര്‍ദ്ദേശപ്രകാരം Mar Ivanios Movement എന്ന പേരിന് പകരമായി Kuwait Malankara Catholic Association (KMCA) എന്ന പേര് നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ KMCA  എന്ന പേരില്‍ത്തന്നെ ഇവിടെ വലിയ ഒരു കത്തോലിക്കാ സംഘടന ഉള്ളതിനാല്‍ ആ പേര് നമുക്ക് സ്വീകരിക്കാന്‍ സാങ്കേതികമായി സാധിക്കാതെ വന്നു. പകരം Mar Ivanios പിതാവിന്‍റെ ദര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും പിതാവിനെ നമ്മുടെ മദ്ധ്യസ്ഥനായി തീരുമാനിച്ചു കൊണ്ടും Kuwait Malankara Rite Movement (KMRM) എന്ന പേര് നാം സ്വീകരിച്ചു. അങ്ങനെ സംഘടനയുടെ പേര്, By-Law, Logo, എന്നിവ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും, കുവൈറ്റില്‍ "മലങ്കരകത്തോലിക്കാ സഭാകുട്ടായ്മ" അഭിവന്ദ്യ ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിന്‍റെ അനുവാദത്തോടെയും ആശീര്‍വ്വാദത്തോടുകൂടിയും രൂപീകൃതമാവുകയും ചെയ്തു. പ്രസ്തുത പൊതുയോഗം ശ്രീ. പി. ഇ. ഡാനിയേലിനെ പ്രഥമ പ്രസിഡന്‍റായും, ശ്രീ. അച്ചന്‍കുഞ്ഞ് സാമുവേലിനെ സെക്രട്ടറിയായും, ശ്രീ. റ്റി. മാണി മാത്യുസിനെ ട്രഷററായും ശ്രീ. ബാബു എബ്രഹാമിനെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായും കുവൈറ്റിലെ എല്ലാ പ്രാദേശിക മേഖലകളേയും പ്രതിനിധാനം ചെയ്യുന്ന കമ്മിറ്റി അംഗങ്ങളെയും പ്രസ്തുത പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുക്കുകയും അങ്ങനെ KMRM  ന്റെ പ്രഥമ മാനേജിംഗ് കമ്മറ്റിയും, അഡ്വൈസറി ബോര്‍ഡും നിലവില്‍ വരുകയും ചെയ്തു.

കുവൈറ്റില്‍ അധിവസിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങളുടെ കൗദാശീകവും, ആരാധനപരവുമായ കാര്യങ്ങള്‍ക്കും, വളര്‍ന്നുവരുന്ന നമ്മുടെ ഭാവിതലമുറയെ മലങ്കര കത്തോലിക്കാ സഭാവിശ്വാസത്തിലും പാരമ്പര്യത്തിലും വളര്‍ത്തുന്നതിനുള്ള വിശ്വാസ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം  കൊടുക്കുകയുമാണ് കെ.എം.ആർ.എം. എന്ന സംഘടനയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.