News

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ജനുവരി 6 ന് നമ്മുടെ കർത്താവിന്റെ മാമോദീസ തിരുനാൾ ആചരിക്കുന്നു.

വെള്ളം വാഴ്ത്തൽ ശുശ്രൂഷയാണ് ദനഹാ പെരുന്നാളിന്റെ ശുശ്രൂഷയുടെ പ്രധാനഭാഗം.

ഞായറാഴ്ച്ചകളിലെ വിശുദ്ധ കുർബാന ആചരണം പോലെ വിശ്വാസികൾ നിർബന്ധമായി വിശുദ്ധ കുർബാനയിൽ സംബന്ധിക്കേണ്ട പെരുന്നാളുകളിലൊന്നാണ് ദനഹാ. ഈ പെരുന്നാളിൽ പള്ളിയിലെ എല്ലാ കുടുംബങ്ങൾക്കായും ഇടവക വികാരി വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് സഭ നിഷ്കർഷിക്കുകയും ചെയ്യുന്നു.

നമ്മുടെ സഭയിൽ വെള്ളം വാഴ്ത്തുന്നതും വെള്ളം തളിക്കുന്നതുമായ നിരവധി ശുശ്രൂഷകളുണ്ടെങ്കിലും, ശുശ്രൂഷകൾക്കു ശേഷം വാഴ്ത്തിയ വെള്ളം വിശ്വാസികൾക്ക് നൽകുന്നത് ദനഹാ ദിവസമാണ്. വാഴ്ത്തിയ വെള്ളം ഭവനങ്ങളിലേക്ക് സൂക്ഷിക്കാൻ കൊണ്ടുപോകാവുന്നതും രോഗികൾക്കു നൽകാവുന്നതുമാണ്.

ജനുവരി 07 ഞായറാഴ്ച വൈകിട്ട്  07: 30 ന്, അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയത്തിൽ വച്ച്,  ദനഹാ ശുശ്രൂഷകൾ ആരംഭിക്കുന്നു.

“കർത്താവെ ഈ വെള്ളം രോഗികൾക്ക് സുഖം നൽകുന്നതും, വന്ധ്യത്വം നീക്കുന്നതും ഭവനങ്ങൾ സംരക്ഷിക്കുന്നതും പിശാചിനെ അകറ്റുന്നതും ആയിത്തീരണമേ. ക്ഷുദ്രം, ആഭിചാരം, വിഗ്രഹാരാധന എന്നിവയെയും സകലവിധ പൈശാചിക പ്രവർത്തനങ്ങളെയും പ്രകൃതിക്ഷോഭങ്ങളിൽ നിന്നുണ്ടാകാവുന്ന അപകടങ്ങളെയും നീക്കിക്കളയുവാൻ ഇതിനു ശക്തി നൽകണമെ" (ദനഹാ ശുശ്രൂഷയുടെ സെദറാ)

ഏവർക്കും ദനഹാതിരുനാളിന്റെ അനുഗ്രഹങ്ങൾ നേരുന്നു.