News

2020 വർഷത്തെ കൊറോണ വൈറസ് എന്ന മഹാമാരി ഈ ലോകത്തെതന്നെ പിടിയിലമർത്തിയപ്പോൾ, കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെൻ്റ് (K.M.R.M.) ൻ്റെ അംഗങ്ങളേയും അത് സാരമായി ബാധിക്കുകയുണ്ടായി. പലർക്കും ജോലി നഷ്ടപ്പെടുകയും, ഭാഗീകമായി ചെയ്യുന്ന ജോലിക്ക് ശരിയായ രീതിയിൽ ശമ്പളം ലഭിക്കാതെയും, അത്യാവശ്യ ഘട്ടത്തിൽ നാട്ടിൽപോകുവാൻ പറ്റാതെയും, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുകയും, ദൈവാലയങ്ങളിൽ ആരാധനകളില്ലാതെ അടക്കപ്പെടുകയും ഒക്കെ ചെയ്തപ്പോൾ കുവൈറ്റിലെ നമ്മുടെ വിശ്വാസ സമൂഹവും മാനസികമായ സമ്മർദ്ദത്തിൽ അകപ്പെട്ടു. ഈ സാഹചര്യം മനസ്സിലാക്കിക്കൊണ്ട്, ഒരു ആശ്വാസ മെന്നരീതിയിൽ, കെ.എം.ആർ.എം. സെൻട്രൽ മാനേജിംഗ് കമ്മിറ്റി എടുത്ത തീരുമാനമാണ് അതിജീവനത്തിൻ്റെ തൂവൽസ്പർശം എന്ന പ്രോഗ്രാം. സുപ്രസിദ്ധ സുവിശേഷ പ്രസംഗകനും, അനേക പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, ശാലോം മിനിസ്ട്രിയുടെ ചെയർമാനും, മാർപ്പാപ്പയിൽ നിന്നു ഷെവലിയാർ സ്ഥാനവും ലഭിച്ച ശ്രീമാൻ ബെന്നി പുന്നത്തറയാണ് ഈ ക്ലാസ്സ് നയിച്ചത്. 19 ജൂൺ 2020, വെള്ളിയാഴ്ച, രാവിലെ 9:00 മണിക്ക് ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിംഗിന് കെ.എം.ആർ.എം. ജനറൽ സെക്രട്ടറി ശ്രീ. ജുബിൻ പി. മാത്യു എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. കെ.എം.ആർ.എം. ൻ്റെ ആദരണീയനായ പ്രസിഡൻ്റ് ശ്രീ. ജോജിമോൻ തോമസ്സ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ആത്മീയ ഉപദേഷ്ടാവ്, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി, ശ്രീമാൻ ഷെവലിയാർ ബെന്നി പുന്നത്തറയെ ക്ലാസ്സ് നയിക്കുവാൻ സ്വഗതം ചെയ്തുകൊണ്ട് പ്രഭാഷണം അവസാനിപ്പിച്ചു. 91-ാം സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട് ശ്രീമാൻ ഷെവലിയാർ ബെന്നി പുന്നത്തറ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ വചന പ്രഘോണം ആരംഭിച്ചു. മനുഷ്യൻ്റെ നിസ്സഹായകതയിൽ ദൈവത്തിൻ്റെ വലിയ ഇടപെടീൽ ഉണ്ടാകുമെന്നു വചനത്തെ ആധാരമാക്കി സംസാരിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ മരണഭീതിയിൽ നിന്നു വിടുതൽ നേടി, നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ ലഘൂകരിച്ചുകൊണ്ട്, എന്തെല്ലാം നഷ്ടപ്പെട്ടാലും ദൈവം നഷ്ടപ്പെടാതെ മുറുകെപ്പിടിക്കണം. അങ്ങനെ ഞാൻ പൂർണ്ണമായും ദൈവത്തിൻ്റേതായി മാറുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ എല്ലാം താനേ മാറിക്കൊള്ളുമെന്നും, അദ്ദേഹം പ്രഘോഷിച്ചു. വചന പ്രഘോഷണത്തെതുടർന്ന് ശ്രോതാക്കൾക്ക് അദ്ദേഹത്തോട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ZOOM APP. ലൂടെ നടന്ന ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കെ.എം.ആർ.എം. ട്രഷറാർ, ശ്രീ. റിജു പി. രാജു നന്ദി അർപ്പിച്ചു. വൈസ്പ്രസിഡൻ്റ് ശ്രീമതി സജിത സ്കറിയയാണ് ഈ പരിപാടി ആദ്യാവസാനം ഏകോപിപ്പിച്ചത്. ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ സമാപന ആശീർവാദത്തോടു കൂടി, അതിജീവനത്തിന്റെ തൂവൽസ്പർശം എന്ന പരിപാടിയ്ക്ക് പരിസമാപ്തിയായി. ജനറൽ കൺവീനർ : ജിജു വർഗ്ഗീസ്