News

With deep sadness we inform the faithful of the passing away of our beloved Bishop Camillo Ballin, MCCJ, on April 12, 2020. KMRM expresses Heart felt condolence and pray to the Almighty that he rest in peace in the glory of God.

Circular - Date: 14 April 2020 Ref.: KMRM/C/001 -2020

അഭിവന്ദ്യ കമീലോ ബല്ലീൻ പിതാവും കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭയും കുവൈത്തിലെ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ ആലേഖനം ചെയ്യപ്പെടുന്ന ഒരു പേരാണ് കുവൈറ്റ് മെത്രാനും, നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാറും ആയിരുന്ന ദിവംഗതനായ അഭിവന്ദ്യ കാമീലോ ബല്ലീൻ തിരുമേനിയുടേത്. കുവൈറ്റ് രൂപതാദ്ധ്യക്ഷൻ ആയിരുന്ന ഫ്രാൻസിസ് മിഖാലെഫ് പിതാവിന്റെ അനുമതിയോടുകൂടി 1994 ൽ സംഘടിതമായ കുവൈറ്റ് മലങ്കര റീത്ത് മൂവ്മെന്റ് (K.M.R.M.) സംഘടനാ തലത്തിൽ കൂടുതൽ ഔന്നത്യത്തിലേക്കും, ഇടവക സ്വഭാവത്തിലേക്കും വളർന്നത് അഭിവന്ദ്യ കാമിലോ ബാലിൻ തിരുമേനിയുടെ നേരിട്ടുള്ള അനുമതികളോടും, അംഗീകാരങ്ങളോടും കൂടിയാണ്. 2005 ജൂലൈ 14ന് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ കുവൈറ്റിന്റെ നാലാമത് വികാർ അപ്പസ്തോലിക് ആയി നിയമിക്കുകയും, 2005 സെപ്റ്റംബർ 2-ാം തീയതി കുവൈറ്റ് ഹോളി ഫാമിലി കത്തീഡ്രലിൽ വച്ച് കുവൈറ്റ് രൂപതാദ്ധ്യക്ഷനായി, അഭിവന്ദ്യ കർദ്ദിനാൾ ക്രസൻസിയോ സേപേയാൽ അഭിഷിക്തനാവുകയും ചെയ്തു. 2011 മെയ് 31 ന് അദ്ദേഹത്തെ നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാർ ആയി ഉയർത്തുകയും ചെയ്തു. കുവൈറ്റിൽ അധിവസിക്കുന്ന വിവിധ റീത്തുകളിൽപെട്ട വിശ്വാസ സമൂഹത്തിന് അവരവരുടെ ആചാരാനുഷ്ഠാനങ്ങൾ ഒട്ടും മുടക്കം കൂടാതെ നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിൽ ബദ്ധശ്രദ്ധാലുവായ അദ്ദേഹത്തിൻറെ അദ്ധ്യത്മീക നേതൃത്വം മലങ്കര കത്തോലിക്കാ സഭയുടെ കൂദാശ അനുഷ്ഠാനങ്ങൾ ഏറ്റവും ഭയഭക്തിപരമായ നടത്തുവാൻ നമ്മെ സഹായിച്ചു. എല്ലാ റീത്തുകളിലും ഉള്ള വിശ്വാസ സമൂഹത്തോടുള്ള അദ്ദേഹത്തിൻറെ ഈ കാഴ്ചപ്പാട് തന്റെ മുൻഗാമികളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. നമ്മോടുള്ള അദ്ദേഹത്തിന്റെ കരുതലിന് ഏറ്റവും വലിയ ഉദാഹരണമാണ് മലങ്കര കത്തോലിക്കാ സഭയുടെ വിശുദ്ധ കുർബാന വിശ്വാസ സമൂഹത്തിന് ക്രമീകരിച്ചു നൽകുവാനായി അദ്ദേഹം ആദ്യം ബഹുമാനപ്പെട്ട തോമസ് വടക്കേടത്ത് അച്ചനെ നിയോഗിച്ചത്. അതിൻപ്രകാരം ഏകദേശം രണ്ട് വർഷത്തോളം ബഹുമാനപ്പെട്ട അച്ചൻ നമുക്കായി ഇവിടെ ദിവ്യബലിയർപ്പിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഅഭിവന്ദ്യ ബസേലിയോസ് ക്ലീമിസ് പിതാവിൻറെ പ്രഥമ സന്ദർശനത്തോടെ "ഒരു മലങ്കര കത്തോലിക്ക സഭാ വൈദികൻ കുവൈറ്റിൽ" എന്ന ദീർഘ നാളത്തെ നമ്മുടെ ആഗ്രഹത്തിന് അംഗീകാരം ലഭിക്കുകയും, 2009 ഫെബ്രുവരി അഞ്ചാം തീയതി വ്യാഴാഴ്ച അഭിവന്ദ്യ കാമിലോ മെത്രാൻ വിശുദ്ധ കുർബാനമദ്ധ്യേ കടന്നുവരികയും, കുവൈറ്റ് രൂപതയിൽ സേവനമനുഷ്ഠിക്കുവാനും മലങ്കര കത്തോലിക്കാ സഭാ മക്കളുടെ ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകുവാനും ആയി ഒരു വൈദികനെ അനുവദിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു. നമ്മോടുള്ള അദ്ദേഹത്തിൻറെ സ്നേഹത്തിനും കരുതലിനും ഏറ്റവും വലിയ അടയാളമായി ഇത് എക്കാലവും നിലനിൽക്കും. അതുപോലെതന്നെ എട്ടുനോമ്പാചരണത്തിനും അതിൻറെ സമാപന ശുശ്രൂഷകൾക്കും ആയി മലങ്കര കത്തോലിക്കാ സഭയിലെ ഒരു വൈദിക മേലദ്ധ്യന്റെ നേതൃത്വവും, പ്രസ്തുത ശുശ്രൂഷകൾ കുവൈറ്റ് ഹോളിഫാമിലി കത്തീഡ്രലിൽ വച്ച് എല്ലാവർഷവും നടത്തുവാനുമുള്ള അനുമതിയും, തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തിൽ, 2009 സെപ്റ്റംബർ 8-ാം തീയതി ചൊവ്വാഴ്ച വിശുദ്ധ കുർബാനമധ്യേ അദ്ദേഹം നൽകിയത് നമ്മോടുള്ള അദ്ദേഹത്തിന്റെ കരുതലിന്റെ മറ്റൊരടയാളമായി നിലനിൽക്കുന്നു. വിശുദ്ധ വാരാചരണങ്ങൾക്ക് നേതൃത്വം നൽകുവാൻ ഒരു മലങ്കര കത്തോലിക്കാ സഭാ വൈദികനെ കൊണ്ടുവരുവാനുള്ള അനുമതി നമുക്ക് നൽകിയതു വഴി 2007 മാർച്ച് 31 ശനിയാഴ്ച വിശുദ്ധവാര ശുശ്രൂഷക്കായി ബഹുമാനപ്പെട്ട മത്തായി കടവിൽ(OIC) ഇവിടെ എത്തിച്ചേർന്നു. അന്നു മുതൽ ഖൈത്താൻ കാർമ്മൽ സ്കൂളിൽ വച്ച് നടക്കുന്ന ദുഃഖവെള്ളി ശുശ്രൂഷകളിൽ അഭിവന്ദ്യ കാമില്ലോ പിതാവ് കടന്നുവരികയും വചന സന്ദേശങ്ങൾ നമുക്ക് നൽകുകയും ചെയ്തുവന്നിരുന്നു. കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹം ഇത് എന്നും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഓർക്കുന്നു. കുട്ടികളുടെ വിശ്വാസപരിശീലനത്തിന് അദ്ദേഹം എന്നും മുൻതൂക്കം നൽകിയിരുന്നു. വ്യത്യസ്ത റീത്തുകളിൽപ്പെട്ടവർക്ക് അവരവരുടെ ആരാധനക്രമങ്ങളും, കൂദാശാനുഷ്ഠാനങ്ങളും പ്രത്യേകം കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അനുമതി നൽകുകയും, MCES സിലബസ് അനുസരിച്ചുള്ള പ്രത്യേക ക്ലാസുകൾ ക്രമീകരിക്കുവാൻ നമുക്ക് അനുവാദം നൽകിയത്, നമ്മുടെ ഭാവി തലമുറയോടുള്ള അദ്ദേഹത്തിന്റെ കരുതലിന്റെ ഉത്തമോദാഹരണമായി നിലകൊള്ളുന്നു. ഓരോ വർഷത്തെയും കെ.എം.ആർ.എം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ആയി അദ്ദേഹം നേരിട്ട് ബന്ധപ്പെടുകയും നമ്മുടെ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും അനുമതികളും നൽകുകയും, അതുപോലെ മലങ്കര കത്തോലിക്കാ സഭാ വൈദികർ കുവൈറ്റ് രൂപതയിൽ സേവനം അനുഷ്ഠിക്കാൻ എത്തിയതുമുതൽ കുവൈറ്റിലെ എല്ലാ പ്രാദേശിക ഇടവകകളിലും മലങ്കര കത്തോലിക്കാ സഭ കൂദാശാനുഷ്ഠാനങ്ങൾ കൃത്യമായി നടത്തുവാൻ വേണ്ട എല്ലാ അനുമതികളും ക്രമീകരണങ്ങളും നൽകി വന്നിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലീമിസ് പിതാവുമായി സ്നേഹോഷ്മള ബന്ധമുണ്ടായിരുന്ന അഭിവന്ദ്യ കാമില്ലോ പിതാവ് കേരളത്തിലെ നമ്മുടെ വിവിധരൂപതകൾ സന്ദർശിക്കുകയും നമ്മുടെ ഒട്ടുമിക്ക എല്ലാ പിതാക്കന്മാർക്കും കുവൈറ്റിൽ ആതിഥ്യം അരുളുകയും ചെയ്തു. തന്റെ പിതാവിന്റെ ഉദ്യാനത്തിൽ വേലക്കായി എടുക്കപ്പെട്ട അഭിവന്ദ്യ കാമില്ലോ പിതാവിന്റെ വേർപാട് കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒരു വാത്സല്യ പിതാവിനെ, ഒരു നേതാവിനെ, ഈ ഊഷരഭൂവിലെ ഒരു വലിയ ആത്മീക കരുതലിനെ നമുക്ക് നഷ്ടം ആയിരിക്കുകയാണ്. മിതഭാഷിയും, വിശാലഹൃദയനും, മനുഷ്യ ബന്ധങ്ങൾക്ക് ഏറ്റവും വിലകൽപ്പിക്കുന്ന ആളുമായിരുന്ന അഭിവന്ദ്യ കാമില്ലോ ബാലിൻ പിതാവിന്റെ തപ്തസ്മരണകൾക്ക് മുൻപിൽ കുവൈറ്റിലെ മലങ്കര കത്തോലിക്ക സഭാ, KMRM സെൻട്രൽ മാനേജിങ് കമ്മിറ്റിയുടേയും, ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെയും, സഭാ സമൂഹത്തിന്റെയും സ്നേഹപ്രണാമം.

For KMRM Central Managing Committee,

Jubin P. Mathew - General Secretary

Jogimon Thomas - President

Rev. Fr. John Thundiyath - Spiritual Director