News

കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹമായ കെ.എം.ആർ.എം.  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശിൽപിയും ഭാഗ്യസ്മരണാർഹനായ ദൈവദാസൻ  മാർ ഇവാനിയോസ് വലിയ മെത്രാപ്പോലീത്തായുടെ 69-ാ മത് ഓർമ്മ ആചരണം ഭക്ത്യാദരപൂർവ്വം നടത്തി. പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ മുഖ്യകാർമികത്വത്തിലും, സാൽമിയ ദേവാലയത്തിലെ സഹവികാരി ആയിരിക്കുന്ന ബഹുമാനപ്പെട്ട ജോൺസൺ നെടുമ്പുറത്ത് അച്ചന്റെ സഹകാർമികത്വത്തിലും, 18 ജൂലൈ 2022, തിങ്കളാഴ്ച, വൈകിട്ട് 7:30 ന് സാൽമിയ സെന്റ്. തെരേസാ ദേവാലയത്തിൽ വച്ച് അനുസ്മരണ കുർബാനയും, ധൂപ പ്രാർത്ഥനയും, ശേഷം നേർച്ച വിളമ്പും നടത്തി.

സാൽമിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ഛായാചിത്രവും, വള്ളി കുരിശും പദയാത്രയായി കടന്നുവരികയും, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത്  അച്ചൻ ഛായാചിത്രവും, ബഹുമാനപ്പെട്ട ജോൺസൺ നെടുമ്പുറത്ത് അച്ചൻ വള്ളിക്കുരിശ് മാലയിട്ട് സ്വീകരിക്കുകയും, കെ.എം.ആർ.എം. സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങളും, മറ്റ് അംഗങ്ങളും മാലയിട്ട് സ്വീകരിക്കുകയും അൾത്താരയോട് ചേർന്ന് പ്രതിഷ്ഠിക്കുകയും ചെയ്തു.

വിശുദ്ധ കുർബാനയ്ക്കുശേഷം സാൽമിയ പാരീഷ് സഹവികാരി ബഹുമാനപ്പെട്ട ജോൺസൺ നെടുമ്പുറത്ത് അച്ചൻ മാർ ഇവാനിയോസ് അനുസ്മരണ പ്രഭാഷണം നടത്തി.

സാൽമിയ ഏരിയ പ്രസിഡണ്ട് ശ്രീ. ജിബി എബ്രഹാം, ഏരിയ സെക്രട്ടറി ശ്രീ. ജിനു ജെ. ഫിലിപ്പ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്നാണ് അനുസ്മരണ  ദിനാചരണത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. കെ.എം.ആർ.എം. പ്രസിഡന്റ് ശ്രീ ജോസഫ് കെ. ഡാനിയേൽ, ജനറൽ സെക്രട്ടറി ശ്രീ. മാത്യു കോശി, ട്രഷറാർ ശ്രീ. ജിമ്മി ഏബ്രഹാം, എല്ലാ ഏരിയായിൽ നിന്നുമുള്ള അംഗങ്ങൾ എന്നിവർ ഈ അനുസ്മരണ കുർബാനയിലും ധൂപ പ്രാർഥനയിലും, നേർച്ചയിലും പങ്കെടുത്തു. സാൽമിയ ഏരിയ പ്രസിഡന്റ് ശ്രീ. ജിബി എബ്രഹാം ഏവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ 69-ാ മത് അനുസ്മരണത്തിന് പരിസമാപ്തി കുറിച്ചു.