News

മാർ ഈവാനിയോസ് അനുസ്മരണം 2021

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശിൽപിയും ഭാരത ന്യൂമാൻ എന്നറിയപ്പെടുന്ന ആർച്ചുബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ  ഓർമ്മപ്പെരുന്നാൾ എല്ലാവർഷവും ജൂലൈ 15 ന്  മലങ്കര സുറിയാനി കത്തോലിക്കാ സഭ ഭക്തിപൂർവ്വം ആചരിക്കുന്നു. കുവൈറ്റിലെ മലങ്കരകത്തോലിക്കാ സമൂഹമായ കെ.എം.ആർ.എം.  ഈവർഷം ജൂലൈ പതിനഞ്ചാം തീയതി സാൽമിയ പാരീഷിൽ വച്ച് ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ 68-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്, അനുസ്മരണ കുർബാനയും, ധൂപ പ്രാർത്ഥനയും, നേർച്ചയും, നടത്തുകയും, പതിനാറാം തീയതി രാവിലെ കുവൈറ്റ് സിറ്റി ചർച്ച് വെർജിൻ മേരി ഹാളിൽ വച്ച് വിശുദ്ധ കുർബാനയും, ധൂപ പ്രാർത്ഥനയും, എം സി വൈ എം  യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നേർച്ച നടത്തുകയും, അന്നേദിവസം വൈകിട്ട്, സൂം ആപ്ലിക്കേഷനിലൂടെ അഭിവന്ദ്യ പിതാവിന്റെ അനുസ്മരണം നടത്തുകയും ചെയ്തു. പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരവും ധൂപ പ്രാർത്ഥനയും നടത്തി അനുസ്മരണ പ്രഭാഷണം ആരംഭിച്ചു. മുഖ്യപ്രഭാഷകൻ ആയി എത്തിയത് ബെഥനി നവജീവൻ പ്രൊവിൻഷ്യലിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ പെരിയ ബഹുമാനപ്പെട്ട ഡോക്ടർ മാത്യു ജേക്കബ് തിരുവാലിൽ അച്ചനാണ്. ബഹുമാനപ്പെട്ട അച്ചന്റെ ആധികാരികമായ പ്രഭാഷണത്തിലൂടെ  ശ്രോതാക്കളെ ദൈവ സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മലങ്കര കത്തോലിക്കാസഭ ആദ്യകാലത്ത് അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും താണ്ടി ഇന്നത്തെ സഭയായി തീർന്നതിനു ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ബഹുമാനപ്പെട്ട അച്ചൻ ഓർമിപ്പിച്ചു. മലങ്കര കത്തോലിക്കാ സഭാ വിശ്വാസി എന്ന നിലയിൽ നമുക്ക് ലഭിച്ച താലന്തുകൾ എപ്രകാരം വിനിയോഗിക്കണമെന്ന് ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ജീവിതത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. മാർ ഇവാനിയോസ് പിതാവിന്റെ ജീവിതത്തിൽ അദ്ദേഹം സൂക്ഷിച്ച വിശുദ്ധിയുടെ 3 കാര്യങ്ങൾ എന്നു പറയുന്നത് തന്നോടു തന്നെയുള്ള വിശ്വസ്തത, മറ്റുള്ളവരോടുള്ള വിശ്വസ്തത, ദൈവത്തോടുള്ള വിശ്വസ്തത എന്നിവയാണ്. ഏകദേശം ഒരു മണിക്കൂറോളം നടന്ന പ്രഭാഷണത്തിൽ നിന്നും ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനെ കൂടുതൽ അടുത്ത അറിയുന്നതിന് ഏവർക്കും സാധിച്ചു.