News

ലോക് ഡൗണിന്റെ ആലസ്യത്തിൽ നിന്നുണർന്നെണീറ്റു ഒരു ആത്മീയ വിരുന്നൊരുക്കിയതാണ്, കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസി സമൂഹമായ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (K.M.R.M.). ജൂലൈ 10, 2020 നു രാവിലെ 08:30 മുതൽ 11:00 വരെ സൂം ആപ്പിൽ കൂടി ഒരു കുടുംബ പ്രചോദന ധ്യാനം നടത്തപ്പെട്ടു. ഈ വർഷം ആദ്യം ലോക് ഡൗൺ പ്രിഖ്യാപിച്ചതിനു ശേഷം കൂട്ടായ്മകൾ നിരോധിച്ചത് കാരണത്താലും K.M.R.M. മുൻ നിശ്ചയിച്ച പരിപാടികളെല്ലാം നിർത്തിവയ്ക്കുകയായിരുന്നു. പരിപാടികളൊന്നും നടത്താൻ കഴിയാത്തതിൽ കുവൈറ്റിലെ എല്ലാ എല്ലാ വിശ്വാസി സമൂഹവും വിഷമത്തിലാണെന്നു മനസിലാക്കിയ K.M.R.M. സെൻട്രൽ മാനേജിംഗ് കമ്മിറ്റി വേറിട്ടൊരു രീതിയിൽ പുതുമയോടുകൂടി ഈ വെർച്വൽ ധ്യാനം ആസൂത്രണം ചെയ്യുകയായിരുന്നു. വളരെ നല്ല പ്രാസംഗികനും ആത്മീയ പ്രസംഗകനും പ്രചോദനാത്മക വക്താവുമായ ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരക്കൽ ഒ.എഫ്.എം കപ്പൂച്ചിൻ അച്ചനെ ഈ ധ്യാനം നയിക്കുന്നതിനു വേണ്ടി ലഭിച്ചത്, കുവൈറ്റിലെ മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ വലിയ ഭാഗ്യമാണ്. കൊറോണ പകർച്ചവ്യാധിയുടെ ഈ ദുഷ്‌കരമായ സാഹചര്യത്തിൽ തുടരുന്ന ഈ അവസരത്തിൽ, ദൈവത്തിന്റെ സ്നേഹത്തിലും പരിപാലനത്തിലും ജീവിക്കാൻ കുടുംബങ്ങളെ പ്രചോദിപ്പിക്കുകയെന്നതാണ് “അതിജീവനം കുടുംബങ്ങളിലൂടെ” എന്ന ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ദമ്പതികൾ, കുടുംബജീവിതത്തിനായി സ്വയം തയ്യാറെടുക്കുന്ന വ്യക്തികൾ, യുവജനങ്ങൾ, കുട്ടികൾ എന്നിങ്ങനെ നിരവധി പ്രേക്ഷകരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പരിപാടി ക്രമീകരിച്ചത്. രാവിലെ 8:30 ന് ശ്രീമതി ദീപ അനു വിന്റെ പ്രാർത്ഥനാഗാനത്തോടുകൂടി ആരംഭിച്ച മീറ്റിംഗിന് കെ.എം.ആർ.എം. ജനറൽ സെക്രട്ടറി ശ്രീ. ജുബിൻ പി. മാത്യു എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. കെ.എം.ആർ.എം. ന്റെ ആദരണീയനായ പ്രസിഡന്റ് ശ്രീ. ജോജിമോൻ തോമസ്സ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ഈ കൊറോണ കാലയളവിൽ K.M.R.M. സെൻട്രൽ മാനേജിംഗ് കമ്മിറ്റി ഏതെല്ലാം രീതിയിൽ കാരുണ്യപ്രവർത്തനങ്ങൾ നടത്തിയെന്നുള്ള വിവരണം എല്ലാവർക്കുമായി പങ്കുവെച്ചു. ആത്മീയ ഉപദേഷ്ടാവ്, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ അനുഗ്രഹ പ്രഭാഷണവും, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ ബാബുജി ബത്തേരി ആശംസ പ്രസംഗം നടത്തി. അതിനുശേഷം ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരക്കൽ അച്ചനെ ധ്യാനം നയിക്കുവാൻ സ്വഗതം ചെയ്തു. തന്റെ സരളമായ നർമ്മ ശൈലിയിൽ കുടുംബങ്ങൾക്ക് വേണ്ടി ബഹുമാനപ്പെട്ട അച്ചൻ ധ്യാനം ആരംഭിച്ചു. ബാബേൽ ഗോപുരമായ വീടിനെ സീയോൻ മാളികയാക്കാൻ കർത്താവ് ആഗ്രഹിച്ചു, അതാണ് കോവിഡ്-19 എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈനംദിന ജീവിതത്തിലെ നിസ്സാരമെന്നു കരുതുന്ന കാര്യങ്ങളെ തിരുവചനത്തോട് ചേർത്തുവെച്ചുകൊണ്ട് പല ഉദാഹരണങ്ങളിലൂടെ അദ്ദേഹം സംസാരിച്ചു. ജീവിതത്തെ ലഘൂകരിച്ച് കുടുംബമൊന്നാകെ ദൈവത്തോട് കൂടുതൽ അടുക്കണം. ഗ്രഹാതുരത്വം ഉണർത്തുന്ന നമ്മുടെ സ്വന്തം വീടുകളിൽ ഒന്നിച്ചായിരിക്കുവാൻ ദൈവം തന്ന അവസരമായി ഈ കാലഘട്ടത്തെ നാം കാണണം. നമ്മൾ ആയിരിക്കുന്ന സമൂഹത്തിൽ കുടുംബത്തെ ബലപ്പെടുത്തിക്കൊണ്ട്, ജീവിതത്തെ ബലപ്പെടുത്തിക്കൊണ്ട് മുന്നാട്ട് പോകുവാൻ നമുക്ക് കഴിയണം. ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബത്തിൽ സ്നേഹത്തിന്റെ തരംഗങ്ങൾ സംജാതമാകുംമെന്നും അദ്ദേഹം പ്രസംഗിച്ചു. ഈ കാലഘട്ടത്തിൽ ചിലവുചുരുക്കലിന്റെ ഭാഗമായി, പോരാ പോരാ എന്നു പറഞ്ഞിരുന്നവർ ഇത്രയും മതി എന്നു പറയുവാൻ പഠിച്ചു. നമ്മുടെ ജിവിതത്തെ വിലയിരുത്തുവാനും കുടുംബബന്ധങ്ങളെ ഒന്നു വിലയിരുത്തുവാനും അത് വിശുദ്ധിയിൽ വളർത്തുവാനും ഉള്ള അവസരമായി ഈ കാലഘട്ടം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഈ കൊറോണ കാലത്ത് ദൈവാലയങ്ങൾ ഭാഗീകമായി ആരാധനകൾ തുടങ്ങിയപ്പോൾ ദൈവാലയത്തിൽ നിന്നും യൌസേപ്പ് പിതാവിനേയും ഉണ്ണി ഈശോയേയും പുറത്താക്കണമെന്നും നർമ്മത്തിൽ ചാലിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുള്ള കാരണം മറ്റൊന്നല്ല, കൊറോണയുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, 65 വയസ്സിനു മുകളിലും, 10 വയസ്സിനു താഴെയുമുള്ള ആളുകൾ പുറത്തിറങ്ങരുത് എന്നുള്ളതായിരുന്നു. വചന പ്രഘോഷണത്തെതുടർന്ന് ശ്രോതാക്കൾക്ക് അദ്ദേഹത്തോട് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. ZOOM APP. ലൂടെ നടന്ന ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കെ.എം.ആർ.എം. ട്രഷറാർ, ശ്രീ. റിജു പി. രാജു നന്ദി അർപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി സജിത സ്കറിയയാണ് ഈ പരിപാടി ആദ്യാവസാനം ഏകോപിപ്പിച്ചത്. ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരക്കൽ അച്ചന്റെ സമാപന ആശീർവാദത്തോടു കൂടി, അതിജീവനം കുടുംബങ്ങളിലൂടെ എന്ന പരിപാടിയ്ക്ക് സമാപനം കുറിച്ചു.